മുട്ട വേണ്ട, ഇനി വീട്ടിലുണ്ടാക്കാം അടിപൊളി വെജിറ്റേറിയന്‍ മയോണൈസ്!



സാന്‍ഡ് വിച്ച്, ഷവര്‍മ്മ, ബര്‍ഗര്‍, സാലഡ് അങ്ങനെയങ്ങനെ ഒട്ടേറെ വിഭവങ്ങളില്‍ രുചിക്കായി മയോണൈസ് ചേര്‍ക്കാറുണ്ട്. വളരെ രുചികരമാണെങ്കിലും ഇത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. മയോണൈസില്‍ ഒമേഗ -6 ഫാറ്റി ആസിഡുകളുടെ അളവ് വളരെ കൂടുതലായതിനാല്‍ ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. മയോണൈസ് അമിതമായി കഴിക്കുന്നത് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും. 

എന്നാല്‍ രുചികരവും ആരോഗ്യകരവുമായ മയോണൈസ് വീട്ടില്‍ത്തന്നെ ഉണ്ടാക്കാവുന്നതാണ്. മുട്ട ചേര്‍ക്കാതെ തന്നെ നല്ല ക്രീമിയായി ഇത് ഉണ്ടാക്കിയെടുക്കാം. സസ്യാഹാരികള്‍ക്കും ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമെല്ലാം പരീക്ഷിക്കാവുന്ന ഒരു അടിപൊളി വിഭവമാണിത്. 
മുട്ടയില്ലാതെ മയോണൈസ് ഉണ്ടാക്കുന്ന വിധം

ചേരുവകള്‍

½ കപ്പ് പാൽ

½ കപ്പ് എണ്ണ

½ ടീസ്പൂൺ കടുക് പൊടി

¼ ടീസ്പൂൺ കുരുമുളക് പൊടി

½ ടീസ്പൂൺ പഞ്ചസാര

½ ടീസ്പൂൺ ഉപ്പ് 

തയാറാക്കുന്ന വിധം

ഒരു ചെറിയ മിക്സിയിൽ, മുകളില്‍ പറഞ്ഞിരിക്കുന്ന ചേരുവകള്‍ എടുത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഒരു പത്തു തവണ പള്‍സ് ചെയ്യുമ്പോള്‍ മിശ്രിതം കട്ടിയാകും. ഇതിലേക്ക്  2 ടീസ്പൂൺ എണ്ണ, 1 ടീസ്പൂൺ വിനാഗിരി എന്നിവ ചേർക്കുക, 10 തവണ കൂടി പൾസ് ചെയ്യുക. ആവശ്യമായത്രയും കട്ടിയില്‍ മയോണൈസ് കിട്ടുന്നത് വരെ എണ്ണയും വിനാഗിരിയും ചേര്‍ത്ത് പള്‍സ്‌ ചെയ്തെടുക്കാവുന്നതാണ്.

ഈ മയോണൈസ് അതേപടി ഉപയോഗിക്കുന്നതിനു പകരം, മറ്റു ചേരുവകള്‍ കൂടി ചേര്‍ത്ത്, രുചികരവും ആരോഗ്യകരവുമാക്കി മാറ്റാം. അതിനായി ഒരു ബ്ലെൻഡറിൽ, 3 ടീസ്പൂൺ മല്ലിയില, 3 ടീസ്പൂൺ പുതിന, 1 ഇഞ്ച് ഇഞ്ചി, 1 മുളക് എന്നിവ ആവശ്യാനുസരണം വെള്ളം ചേർത്ത് അടിച്ചെടുക്കുക. ഈ മിശ്രിതത്തിന്‍റെ രണ്ടു ടേബിള്‍സ്പൂണ്‍ എടുത്ത് നേരത്തെ തയ്യാറാക്കിയ മയോണൈസിന്‍റെ മൂന്നു ടേബിള്‍സ്പൂണുമായി കലര്‍ത്തി ഉപയോഗിക്കാവുന്നതാണ്.

Homemade Mayonnaise Recipe

Post a Comment

Previous Post Next Post