ഐപിഎല്‍ കാഴ്ച ഇനി പുതിയ അനുഭവം! വിആര്‍ ഹെഡ്‌സെറ്റുമായി ജിയോ, വില 1,299 രൂപ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുമ്പൊരിക്കലും സാധ്യമല്ലാതിരുന്ന രീതിയില്‍ ദൃശ്യാനുഭവമൊരുക്കി ജിയോ പുതിയ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് പുറത്തിറക്കി. ജിയോഡൈവ് വിആര്‍ (JioDive VR) എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഹെഡ്‌സെറ്റിന് വില 1,299 രൂപയാണ്. ഇത് ജിയോ ഉപയോക്താക്കള്‍ക്കു മാത്രമുള്ളതാണ്. ജിയോഡൈവ് ഉപയോഗിച്ച് ടാറ്റാ ഐപിഎല്‍ ജിയോസിനിമ വഴിയുളള പ്രക്ഷേപണം കാണുമ്പോഴാണ് 360 ഡിഗ്രി അനുഭവം ലഭിക്കുക എന്ന് കമ്പനി പറയുന്നു. ഇത് ഒരു 100 ഇഞ്ച് വലുപ്പമുള്ള വെര്‍ച്വല്‍ സ്‌ക്രീനില്‍ എന്നവണ്ണം കാണാമത്രേ. ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ജിയോമാര്‍ക് (JioMark) വഴിയും ഹെഡ്‌സെറ്റ് വാങ്ങാം. പേടിഎം വോലറ്റ് ഉപയോഗിച്ചാണ് വാങ്ങുന്നതെങ്കില്‍ 500 രൂപ കിഴിവും നല്‍കും.

ഹെഡ്‌സെറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ആന്‍ഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇത് വാങ്ങി ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു. 4.7 ഇഞ്ച് മുതല്‍ 6.7 ഇഞ്ച് വരെ വലുപ്പമുള്ള ഫോണുകള്‍ ആണ് വിആര്‍ ഹെഡ്‌സെറ്റിനുള്ളില്‍ വയ്ക്കാവുന്നത്. ഫോണിന്റെ ജൈറോസ്‌കോപ്പും ആക്‌സിലറോമീറ്ററും പ്രയോജനപ്പെടുത്തിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഇതിനായി ജിയോഇമേഴ്‌സ് (JioImmerse) ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്യണം. ഹെഡ്‌സെറ്റിന് ക്രമീകരിക്കാവുന്ന ലെന്‍സുകള്‍ ഉണ്ട്. സൈഡില്‍ പിടിപ്പിച്ചിരിക്കുന്ന ചക്രം ഉപയോഗിച്ച് വിഡിയോ കൂടുതല്‍ വ്യക്തമാക്കാം. കണ്ണിന് ആയാസമില്ലാതെയും ആക്കാം. ഹെഡ്‌സെറ്റില്‍ ഒരു ക്ലിക് ബട്ടണും ഉണ്ട്. ഇത് ഉപയോഗിച്ചാണ് ആപ്പിന്റെ ഇന്റര്‍ഫെയ്‌സില്‍നിന്ന് ഓരോന്നും തിരഞ്ഞെടുക്കേണ്ടത്.

ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുക?

ജിയോഡൈവ് പോലെയുള്ള വിആര്‍ ഹെഡ്‌സെറ്റുകള്‍ക്കുളളില്‍ വയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ സ്‌ക്രീനുകള്‍ക്കു മുമ്പില്‍ രണ്ടു ലെന്‍സുകള്‍ ഉണ്ടായിരിക്കും. ഫോണിന്റെ സ്‌ക്രീനിലേക്ക് ജിയോഇമേഴ്‌സ് വഴി വിഡിയോ എത്തുമ്പോള്‍ ഇടത്തെ ലെന്‍സിലും വലത്തെ ലെന്‍സിലും വ്യത്യസ്തമായ ചിത്രങ്ങള്‍ ലഭിക്കുന്നു. ഇത് ത്രിമാനതയുള്ള അനുഭവം പകരുന്നു എന്നാണ് പറയുന്നത്. ജൈറോസ്‌കോപ്, ആക്‌സലറോമീറ്റര്‍ സെന്‍സറുകള്‍ ഉപയോഗിച്ച് കാഴ്ചക്കാരുടെ തലയുടെ നീക്കങ്ങള്‍ മനസ്സിലാക്കി, ചിത്രം ഹെഡ്‌സെറ്റ് ക്രമീകരിച്ചുകൊണ്ടിരിക്കും.

ജിയോഡൈവ് എങ്ങനെ പ്രവര്‍ത്തിപ്പിക്കാം?

ജിയോഡൈവ് വിആര്‍ ഹെഡ്‌സെറ്റ് വാങ്ങിയാല്‍ അതിന്റെ ബോക്‌സിലുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ജിയോഇമേഴ്‌സ് ആപ് ഇന്‍സ്റ്റോള്‍ ചെയ്യേണ്ടത് എന്നാണ് പറയുന്നത്. ജിയോ നെറ്റ്‌വര്‍ക്കില്‍ കണക്ട് ചെയ്തുവേണം ആപ്പിലേക്ക് ലോഗ്-ഇന്‍ ചെയ്യാന്‍. ഇവിടെ 'ജിയോഡൈവ്' തിരഞ്ഞെടുക്കണമെന്നും, അതില്‍ 'വാച് ഓണ്‍ ജിയോഡൈവ്' തിരഞ്ഞെടുക്കണം എന്നും പറയുന്നു. തുടര്‍ന്ന് ഹെഡ്‌സെറ്റിന്റെ മുമ്പിലുള്ള കവര്‍ തുറന്ന് അതിലുള്ള സപ്പോര്‍ട്ട് ക്ലിപ്പുകള്‍ക്കും ലെന്‍സിനും ഇടയിലായി ഫോണ്‍ വയ്ക്കുക. തുടര്‍ന്ന് ജിയോഡൈവ് മുഖത്തണിയുക. സ്ട്രാപ്പുകള്‍ ക്രമീകരിച്ച് അസ്വസ്ഥതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. ലഭിക്കുന്ന വിഡിയോയുടെ ഗുണനിലവാരം യഥേഷ്ടം ക്രമീകരിക്കുക.


ഐപിഎല്‍ കാണാന്‍ മാത്രമേ ഹെഡ്‌സെറ്റ് പ്രയോജനപ്പെടുകയുള്ളോ?

അല്ലേയല്ല! ജിയോഡൈവ് ഉപയോഗിച്ച് വിആര്‍ കണ്ടെന്റ് കാണാം. വലിയ സ്‌ക്രീനില്‍ ഗെയിമുകള്‍ കളിക്കാം. അതേസമയം, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം- ജിയോ 4ജി, 5ജി എന്നിവയില്‍ ഏതെങ്കിലുമോ ജിയോഫൈബറോ ഉപയോഗിക്കുന്നവര്‍ക്കു മാത്രമെ ഇത് ജിയോഇമേഴ്‌സ് പ്രവര്‍ത്തിപ്പിക്കാനാകൂ.

മറ്റു കാര്യങ്ങള്‍

ആന്‍ഡ്രോയിഡ് 9 മുതല്‍ മുകളിലേക്കുള്ള വേര്‍ഷന്‍സ് ഉള്ള ഫോണുകള്‍ ആയിരിക്കണം. ഐഒഎസ് 15 മുതല്‍ മുമ്പോട്ടുള്ള വേര്‍ഷനുകള്‍ വേണം. സാംസങ്, ആപ്പിള്‍, വണ്‍പ്ലസ്, ഒപ്പോ, റിയല്‍മി, വിവോ, ഷഓമി, പോകൊ, നോക്കിയ തുടങ്ങി മിക്ക നിര്‍മാതാക്കളുടെയും ഫോണുകള്‍ സപ്പോര്‍ട്ട് ചെയ്യും എന്നു കമ്പനി പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ജിയോയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

IPL 2023 in VR: Reliance Jio announces new VR headset with 360-degree view feature

Post a Comment

Previous Post Next Post