ഒരാഴ്ചയ്ക്ക് ആവശ്യമുള്ള പച്ചക്കറികൾ ഒരുമിച്ചു വാങ്ങുന്നവരാണ് ഏറെയും. എന്നാൽ കടയിൽ നിന്നും വാങ്ങി ഒന്നോ രണ്ടോ ദിവസങ്ങൾ കഴിയുമ്പോൾ തന്നെ പച്ചക്കറികൾ വാടാനും അതിന്റെ ഫ്രഷ്‌നെസ് നഷ്ടപ്പെടാനുമൊക്കെ സാധ്യതയുണ്ട്. മാത്രമല്ല, ചിലപ്പോൾ ചീഞ്ഞു പോകുകയും ചെയ്യും. എങ്ങനെ പച്ചക്കറികൾ കേടുകൂടാതെയും പുതുമ നഷ്ടപ്പെടാതെയും സൂക്ഷിക്കും എന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന ചോദ്യമാണ്. പച്ചക്കറികൾ കടയിൽ നിന്നും വാങ്ങിയതു പോലെ തന്നെ ഫ്രഷായിരിക്കാൻ ചില വഴികളുണ്ട്. എന്താണെന്നല്ലേ? ഇനി പറയുന്ന കാര്യങ്ങൾ ചെയ്താൽ മതിയാകും. ആഴ്ചകളോളം പച്ചക്കറികൾ കേടുകൂടാതെ സൂക്ഷിക്കാം.
Read also: പ
കഴുകി വൃത്തിയാക്കാം
പച്ചക്കറികൾ കറികൾക്ക് ആവശ്യമുള്ളത് പോലെ അരിഞ്ഞു വെയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം തന്നെ വൃത്തിയായി കഴുകിയെടുക്കണം. അതിനു ശേഷം ജലാംശം ഒട്ടും തന്നെയില്ലാതെ നന്നായി തുടച്ച് ഉണക്കിയെടുക്കാം. ഈർപ്പം നിൽക്കുന്നത് പച്ചക്കറികളിൽ പൂപ്പലുണ്ടാകാനും ചീഞ്ഞുപോകാനുമൊക്കെ ഇടയാക്കും.
വായു കടക്കാത്ത കണ്ടെയ്നറുകൾ ഉപയോഗിക്കണം
തോരനോ മെഴുക്കുപുരട്ടിയ്‌ക്കോ സാമ്പാറിനോ അവിയലിനോ ഒക്കെ സമയം കിട്ടുമ്പോൾ കഷ്ണങ്ങൾ അരിഞ്ഞു വെയ്ക്കുന്നവരുണ്ട്. ഇങ്ങനെ അരിഞ്ഞെടുക്കുന്നവ വായുകടക്കാത്ത പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മാത്രമല്ല, വലിയ പാത്രമെടുക്കാതെ, കൃത്യമായി നിറഞ്ഞിരിക്കുന്ന തരത്തിലുള്ളവ എടുക്കുകയും വേണം. അല്ലാത്ത പക്ഷം ഈർപ്പമുണ്ടാകാനും പച്ചക്കറികൾ ഉപയോഗശൂന്യമായി പോകാനുമിടയുണ്ട്.
പേപ്പർ ടവലുകൾ കൊണ്ടും ഉപയോഗമുണ്ട്
പച്ചക്കറികൾ സൂക്ഷിക്കുന്ന കണ്ടെയ്നറുകളുടെ ഉൾവശത്ത് ഏറ്റവും അടിയിലായി ഒരു പേപ്പർ ടവൽ ഇട്ടതിനുശേഷം പച്ചക്കറികൾ അതിനുള്ളിലാക്കാം. ശേഷം മുകൾ ഭാഗത്തും ഒരു പേപ്പർ ടവൽ ഇട്ടുകൊടുക്കണം. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നല്ലേ? പച്ചക്കറികളിൽ ജലാംശമുണ്ടെങ്കിൽ ഈ പേപ്പറുകൾ വലിച്ചെടുത്തുകൊള്ളും. പച്ചക്കറികൾ ഫ്രഷായി ഇരിക്കുകയും ചെയ്യും.
എല്ലാ പച്ചക്കറികളും ഒരുമിച്ചു വെയ്ക്കരുത്
വിവിധ തരത്തിലുള്ള പച്ചക്കറികളാണ് നമ്മൾ വാങ്ങി ഉപയോഗിക്കാറ്. വീട്ടിലെത്തിയാലുടൻ ഇതെല്ലാം ഒരുമിച്ചു ഫ്രിജിൽ വെയ്ക്കുന്ന ശീലം ചിലർക്കെങ്കിലുമുണ്ട്. അങ്ങനെ ചെയ്യരുതെന്ന് മാത്രമല്ല, ഓരോ പച്ചക്കറിയും വേർതിരിച്ചു ഓരോന്നും ഓരോ കണ്ടെയ്നറിലാക്കി വേണം സൂക്ഷിക്കാൻ. അല്ലാത്ത പക്ഷം പച്ചക്കറികൾ ചീഞ്ഞു പോകും.
ഈർപ്പമുണ്ടോ എന്ന് നോക്കാൻ മറക്കരുത്
പച്ചക്കറികൾ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങൾ ഇടയ്ക്കൊന്നു തുറന്നു പരിശോധിക്കണം. ചിലപ്പോൾ പാത്രങ്ങളിൽ ഈർപ്പം നിന്ന് അവ ചീഞ്ഞു പോകാനിടയുണ്ട്. പേപ്പർ ടവലുകൾ നനഞ്ഞാണിരിക്കുന്നതെങ്കിൽ മാറ്റി പുതിയത് വെയ്ക്കാനും ശ്രദ്ധിക്കണം.
വായു കടക്കാത്ത പ്ലാസ്റ്റിക് കവറുകളും ഉപയോഗിക്കാം
സിപ് ലോക്ക് കവറുകളും പച്ചക്കറികളിട്ടു വെയ്ക്കാനായി എടുക്കാം. കവറിനുള്ളിലെ വായു പൂർണമായും കളഞ്ഞതിനു ശേഷം മാത്രം നല്ലതുപോലെ അടച്ചു ഫ്രിജിൽ വെയ്ക്കാം.
ഉരുളക്കിഴങ്ങും ക്യാരറ്റുമൊന്നും നേരത്തെ മുറിച്ചു വയ്‌ക്കേണ്ട
ഉരുളക്കിഴങ്ങ്, ക്യാരറ്റ് പോലുള്ള പച്ചക്കറികൾ മുറിച്ചു സൂക്ഷിച്ചാൽ എളുപ്പത്തിൽ ഉപയോഗ ശൂന്യമായി പോകാനിടയുണ്ട്. കറിയിലിടുന്നതിനു അല്പം മുൻപ് മാത്രം ഈ പച്ചക്കറികൾ അരിഞ്ഞു ഉപയോഗിച്ചാൽ മതിയാകും.
How to Store Vegetables to Keep them Fresh
Tags:
Health