ദാഹിച്ചാല് അല്പം തണുത്ത വെള്ളം തന്നെ കിട്ടണമെന്ന് നമ്മളാഗ്രഹിക്കാറില്ലേ? അതിന് ഫ്രിഡ്ജുള്ളപ്പോള്‍ പ്രയാസമെന്ത്, അല്ലേ? ഇപ്പോള്‍ മിക്കവരും വെള്ളം കുപ്പികളില്‍ നിറച്ച് ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കുന്നതാണ് പതിവ്. ദാഹിക്കുമ്പോള്‍ ഫ്രിഡ്ജ് തുറക്കുക, കുപ്പിയില്‍ നിന്ന് അല്പം വെള്ളമെടുത്ത് കുടിക്കുക. ഇതുതന്നെ ശീലം.
ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കുന്നതിന് പകരം പണ്ടെല്ലാം മണ്‍പാത്രങ്ങളിലോ മണ്‍കൂജകളിലോ ആയിരുന്നു കുടിവെള്ളം സൂക്ഷിച്ചിരുന്നത്. സാമാന്യം തണുപ്പുമുണ്ടാകും, ഒപ്പം തന്നെ മണ്ണിന്റെ രുചിയും ഈ വെള്ളത്തില്‍ കലര്‍ന്നിരിക്കും. പലര്‍ക്കും ഈ രുചി ഏറെ ഇഷ്ടമാണ്. ഗൃഹാതുരമായ ഒരനുഭൂതിയാണ് പലര്‍ക്കുമിത്. എന്നാല്‍ മണ്കൂജയില് വെള്ളം സൂക്ഷിച്ചുവച്ച് കുടിക്കുന്ന ശീലമൊക്കെ ഇന്ന് ഏതാണ്ട് അന്യംനിന്നുപോയി എന്നുതന്നെ പറയാം.
വളരെ ചുരുക്കം പേരെ ഇപ്പോള്‍ മണ്‍കൂജയൊക്കെ വീട്ടില്‍ വെള്ളം പിടിച്ചുവയ്ക്കുന്നതിനായി ഉപയോഗിക്കുന്നുള്ളൂ. എന്നാല്‍ മണ്കൂജയില് വെള്ളം പിടിച്ചുവച്ച്, കുടിക്കുന്നത് ആരോഗ്യത്തിനും വളരെ നല്ലതാണ് കെട്ടോ. എങ്ങനെയെന്ന് കേട്ടോളൂ...
Read also: ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചാൽ പോരാ, എപ്പോൾ കഴിക്കുന്നു എന്നതും പ്രധാനം; പഠനങ്ങൾ പറയുന്നത്
ഒന്ന്...
വളരെ നാച്വറല്‍ ആയ രീതിയില്‍ വെള്ളത്തിനെ തണുപ്പിക്കുന്നതാണ് മണ്‍കൂജകളുടെയോ മണ്‍പാത്രങ്ങളുടെയോ പ്രത്യേകത. ഇത് ആരോഗ്യത്തിന് യാതൊരു ദോഷവുമുണ്ടാക്കുന്നില്ല. എന്നുമാത്രമല്ല അമിതമായി വെള്ളം തണുപ്പിക്കുന്നത് ജലദോഷം പോലുള്ള പ്രശ്നങ്ങളുണ്ടാക്കുമ്പോള്‍ മൺപാത്രങ്ങളിലെ വെള്ളം അങ്ങനെയൊരു പ്രശ്നവും സൃഷ്ടിക്കുന്നില്ല.
രണ്ട്...
മണ്‍കൂജയിലെ വെള്ളം കുടിക്കുന്നത് തൊണ്ടയ്ക്കും വളരെ നല്ലതാണ്. എപ്പോഴും ചുമയും ഒച്ചയടപ്പും തൊണ്ടവേദനയുമെല്ലാം പിടിപെടുന്നവരാണെങ്കില്‍ ഫഅരിഡ്ജില്‍ വച്ച് വെള്ളം തണുപ്പിക്കുന്ന പതിവ് മാറ്റി മൺകൂജ ഉപയോഗം തുടങ്ങിയാല്‍ മതി. ചുമ, ഒച്ചയടപ്പ്, തൊണ്ടവേദന പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം ആശ്വാസം കിട്ടും.
മൂന്ന്...
തണുത്ത വെള്ളത്തിനായി ഐസ് വാട്ടറിനെയോ ഫ്രിഡ്ജില്‍ വച്ച വെള്ളത്തെയോ തന്നെ ആശ്രയിക്കുന്നത് പലരിലും ദഹനപ്രശ്നങ്ങള്‍ പതിവാക്കാറുണ്ട്. എന്നാല്‍ മണ്കൂജയില് സൂക്ഷിച്ച വെള്ളമാകട്ടെ, ഒട്ടും തന്നെ ദഹനപ്രശ്നങ്ങളുണ്ടാക്കില്ല. എന്നുമാത്രമല്ല പ്രകൃതിദത്തമായ താപനിലയില്‍ ഉള്ള വെള്ളമായതുകൊണ്ട് തന്നെ അത് വയറിന് നല്ലതുമാണ്.
നാല്...
നമ്മുടെ ശരീരത്തിന്റെ താപനിലയോട് അടുത്തിരിക്കുന്ന താപനില തന്നെയുള്ള വെള്ളമാണ് കുടിക്കുന്നതെങ്കില്‍ അത് ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങളെ വലിച്ചെടുക്കുന്നതിനും, മികച്ച ദഹനത്തിനും, ആവശ്യമില്ലാത്ത ഭക്ഷണാവശിഷ്ടങ്ങള്‍ വിസര്‍ജ്ജ്യമായി എളുപ്പത്തില്‍ പുറന്തള്ളുന്നതിനുമെല്ലാം സഹായിക്കുന്നു.
അഞ്ച്...
മണ്‍പാത്രങ്ങള്‍ അല്ലെങ്കില്‍ മണ്‍കൂജയെല്ലാം വളരെ പ്രകൃതിദത്തമായി ഉണ്ടാക്കിയെടുക്കുന്ന പാത്രങ്ങളാണ്. അതിനാല്‍ തന്നെ ഇതില്‍ എത്ര നേരം വെള്ളമോ മറ്റ് ഭക്ഷണപാനീയങ്ങളോ സൂക്ഷിച്ചുവച്ച് അത് ഉപയോഗിച്ചാലും ശരീരത്തിലേക്ക് ഒരല്പം പോലും അനാരോഗ്യകരമായ കെമിക്കലുകള്‍ (രാസപദാര്‍ത്ഥങ്ങള്‍) എത്തുന്നില്ല. ആ രീതിയിലും ആരോഗ്യത്തിന് ഏറെ നല്ലതാണ് മണ്‍പാത്രങ്ങളുടെ ഉപയോഗം.
health benefits of drinking water from clay pot