നമ്മള്‍ ഏത് വിഭവത്തിലും നിര്‍ബന്ധമായി ചേര്‍ക്കുന്നൊരു ചേരുവയാണ് ഉപ്പ്. ഇങ്ങനെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നൊരു ചേരുവ എന്നതില്‍ക്കവിഞ്ഞ് ഉപ്പിന് അധികമാരും പ്രാധാന്യം നല്‍കാറില്ല. ഈ അശ്രദ്ധ തന്നെ ആരോഗ്യത്തിന് അപകടമാണ്.
കാരണം ഉപ്പ് അമിതമാകുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഉപ്പ് അഥവാ സോഡിയത്തിന് ശരീരത്തില്‍ പല ധര്‍മ്മങ്ങളും ചെയ്യാനുണ്ട്. നാഡികളുടെ പ്രവര്‍ത്തനത്തിന്, പേശികളുടെ പ്രവര്‍ത്തനത്തിന്, ശരീരത്തില്‍ വെള്ളവും മറ്റ് ധാതുക്കളും തമ്മിലുള്ള ബാലൻസ് സൂക്ഷിക്കുന്തിന് എല്ലാം സോഡിയം ആവശ്യമാണ്.
എന്നാലിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കെല്ലാം കൂടി ദിവസത്തില്‍ ഒരു മുതിര്‍ന്ന വ്യക്തിക്കാണെങ്കില്‍ പരമാവധി അഞ്ച് ഗ്രാം സോഡിയം മതി. പക്ഷേ ഇന്ത്യക്കാര്‍ ഭക്ഷണത്തിലൂടെ തന്നെ ദിവസവും 2.5 ടീസ്പൂണ്‍ ഉപ്പെങ്കിലും അകത്താക്കുന്നുണ്ടായിരിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത് 8-9 ഗ്രാം സോഡിയമെങ്കിലും വരും. ഇത് തീര്‍ച്ചയായും ശരീരത്തിന് ആവശ്യമില്ലാത്ത അത്രയും അളവാണ്.
ഇങ്ങനെ സോഡിയം അഥവാ ഉപ്പ് അമിതമാകുമ്പോള്‍ എന്താണ് ശരീരത്തില്‍ സംഭവിക്കുന്നത്?
സോഡിയം അധികമാകുമ്പോള്‍ ആദ്യം തന്നെ അത് ബിപി (രക്തസമ്മര്‍ദ്ദം ) കൂടുന്നതിലേക്കാണ് നയിക്കുക. ഇക്കാരണം കൊണ്ടാണ് ബിപിയുള്ളവരോട് ഡോക്ടര്‍മാര്‍ ഉപ്പ് കുറയ്ക്കണമെന്ന് പറയുന്നത്. ബിപി കൂടുതലാകുന്നത് ക്രമേണ ഹൃദയത്തിനാണ് ഭാരമേല്‍പിക്കുക. ഹൃദയത്തിന് കൂടുതല്‍ അധ്വാനിച്ച് പ്രവര്‍ത്തിക്കേണ്ടതായി വരുന്നു.
ഇതെല്ലാം ക്രമേണ ഹൃദ്രോഗങ്ങള്‍, ഹൃദയാഘാതം, പക്ഷാഘാതം (സ്ട്രോക്ക്) പോലുള്ള ഗൗരവതരമായ അവസ്ഥകളിലേക്ക് നയിക്കാം.
'ശരീരത്തില്‍ ഉപ്പ് അധികമാകുമ്പോള്‍ ജലാംശം ഇല്ലതായി വരുന്നു. ഇത് ഹൃദയത്തില്‍ നീര് വരുത്തുന്നതിനും ഹൃദയത്തിന് ഏറെ ബുദ്ധിമുട്ടി, സമ്മര്‍ദ്ദപ്പെട്ട് പ്രവര്‍ത്തിക്കേണ്ട അവസ്ഥയ്ക്കും കാരണമാകുന്നു. ധമനികള്‍ കൂടുതല്‍ ബലപ്പെടുന്നതിലേക്കും സോഡിയം നയിക്കാം. ഇതാണ് ബിപിയിലേക്ക് എത്തിക്കുന്നത്. നമുക്കറിയാം, ബിപിയും ഹൃദയത്തിന് എത്രമാത്രം ദോഷമാണെന്ന്...'- നോയിഡയില്‍ നിന്നുള്ള മുതിര്‍ന്ന കാര്‍ഡിയോളജിസ്റ്റ് ഡോ. സമീര്‍ ഗുപ്ത പറയുന്നു.
ഇന്ന് അധികപേരും പാക്കറ്റ് ഭക്ഷണങ്ങള്‍ പ്രോസസ്ഡ് ഫുഡ്സ് എന്നിവയുടെ ആരാധകരാണ്. ഇവയിലൂടെ നല്ലൊരളവ് സോഡിയം ശരീരത്തിലെത്താം. ഇത് ക്രമേണ അമിതവണ്ണം, പ്രമേഹം പോലുള്ള ജീവിതശൈലി പ്രശ്നങ്ങള്‍ക്കെല്ലാം കാരണമാകാം. ഇവയും ഹൃദയത്തിന് പിന്നീട് ദോഷമായി വരാമെന്നും ഡോ. സമീര്‍ ഗുപ്ത ചൂണ്ടിക്കാട്ടുന്നു.
ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ഉപ്പ് അമിതമായി കഴിക്കുന്നത് ബിപിയോ പ്രമേഹമോ ക്ഷീണമോ നിര്‍ജലീകരണമോ അമിതവണ്ണമോ എല്ലം ഉണ്ടാക്കുമെന്നതിലുപരി അത് ഹൃദയത്തിന് ദോഷമാണ് എന്നതാണ് നാം മനസിലാക്കേണ്ടത്.
know how excess salt intake affects our heart