എപ്പോഴും സ്ട്രെസിലാണെങ്കില്‍ ക്രമേണ നിങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍...
ഇന്ന് തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളുടെ ഭാഗമായി സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദം നേരിടാത്തവരായി ആരും കാണില്ല. ജോലിസംബന്ധമായ ടെൻഷൻ തന്നെയാണ് മിക്കവരിലും സദാസമയവും സ്ട്രെസ് ആയി മാറുന്നത്. ചിലരിലാണെങ്കില്‍ വീട്ടുകാര്യങ്ങളുമായി ബന്ധപ്പെട്ടോ സാമൂഹിക- രാഷ്ട്രീയ കാര്യങ്ങളുമായി ബന്ധപ്പെട്ടോ, സാമ്പത്തികപ്രശ്നങ്ങളുമായി ബന്ധപ്പെട്ടോ എല്ലാം സ്ട്രെസ് പതിവായി വരാറുണ്ട്. 
കാരണം എന്തുതന്നെ ആണെങ്കിലും പതിവായി സ്ട്രെസ് അനുഭവിക്കുന്നത് ക്രമേണ നമ്മുടെ ശാരീരിക- മാനസികാരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കും. ഇതിനൊരു പ്രധാന കാരണം സ്ട്രെസ് മൂലം 'കോര്‍ട്ടിസോള്‍' എന്ന ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതാണ്. ഇത്തരത്തില്‍ 'കോര്‍ട്ടിസോള്‍' അധികമാകുമ്പോള്‍ എന്തെല്ലാം മാറ്റങ്ങളാണ് നമ്മളില്‍ സംഭവിക്കുക? അറിയാം...

ഉത്കണ്ഠയും വിഷാദവും...

സ്ട്രെസ് അധികരിക്കുമ്പോള്‍ ക്രമേണ ഒരു വ്യക്തിയില്‍ വിഷാദവും ഉത്കണ്ഠയുമെല്ലാം കാണാറുണ്ട്. ഉയര്‍ന്ന കോര്‍ട്ടിസോള്‍ ലെവലാണ് ഇതിന് കാരണമായി വരുന്നത്. കോര്‍ട്ടിസോള്‍ തലച്ചോറിനകത്ത് വരുത്തുന്ന രാസമാറ്റങ്ങളാണ് വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിക്കുന്നത്. 

അമിതവണ്ണം...

സ്ട്രെസ് കൂടുതലായി അനുഭവിച്ചാല്‍ പതിയെ വണ്ണം കൂടിവരുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഈ വാദം ശരിയാണ്. കോര്‍ട്ടിസോള്‍ ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും വിശപ്പ് വര്‍ധിപ്പിക്കുകയുമെല്ലാം ചെയ്യുന്നതിലൂടെയാണ് സ്ട്രെസ് അമിതവണ്ണത്തിലേക്ക് നയിക്കുന്നത്. ഇതോടൊപ്പം തന്നെ ഷുഗര്‍ (പ്രമേഹം), കൊളസ്ട്രോള്‍ പോലുള്ള അസുഖങ്ങള്‍ കൂടി പിടിപെടുകയാണെങ്കില്‍ വണ്ണം കൂടാനുള്ള സാധ്യത വീണ്ടും ഉയരുകയായി. 

ഉറക്കമില്ലായ്മ...

സ്ട്രെസ് ഉണ്ടെങ്കില്‍ ഉറക്കം നഷ്ടപ്പെടുമെന്ന് നമുക്കറിയാം. ഇതിനും കാരണം കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ആണ്. ഈ ഹോര്‍മോണ്‍ ആണ് ഉറക്കം- ഉണര്‍ച്ച തുടങ്ങി ശരീരത്തിന്‍റെ ഘടികാരത്തെ നിയന്ത്രിക്കുന്നൊരു ഘടകം. ഇതില്‍ ബാലൻസ് പ്രശ്നം വരുമ്പോള്‍ സ്വാഭാവികമായും ഉറക്കത്തിലും പ്രശ്നങ്ങള്‍ വരുന്നു.  ഉറക്കമില്ലായ്മ പതിവായാല്‍ അത് ഹൃദയത്തിനെ അടക്കം ദോഷകരമായി ബാധിക്കാം. 

പ്രമേഹം...

കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍, ഇൻസുലിൻ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെയും സ്വാധീനിക്കുന്നുണ്ട്. ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം കുറയുകയോ, ശരീരത്തിന് ഉള്ള ഇൻസുലിനോട് പ്രതികരിക്കാൻ സാധിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് പ്രമേഹം പിടിപെടുന്നത്. അതിനാല്‍ തന്നെ സ്ട്രെസ് അധികരിക്കുന്നത് ക്രമേണ പ്രമേഹത്തിലേക്കും നയിക്കാം. 
പ്രതിരോധശേഷി കുറയല്‍...

കോര്‍ട്ടിസോള്‍ നില ഉയരുന്നത് രോഗ പ്രതിരോധശേഷിയെയും കാര്യമായി ബാധിക്കുന്നു.  ഇതോടെ വിവിധ രോഗങ്ങളോ അണുബാധകളോ എല്ലാം പിടിപെടുന്നതും പതിവാകുന്നു. 

ബിപി...

കോര്‍ട്ടിസോള്‍ നില ഉയരുമ്പോള്‍ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് തെറ്റുന്നു. ഇതിനൊപ്പം സോഡിയത്തിന്‍റെ നിലയിലും മാറ്റം വരുന്നു. ഇത് ബിപി അഥവാ രക്തസമ്മര്‍ദ്ദം ഉയരുന്നതിലേക്ക് നയിക്കുന്നു. ബിപി ഇത്തരത്തില്‍ ഉയരുന്നത് അനുബന്ധമായി പല പ്രശ്നങ്ങളിലേക്കും നയിക്കുന്നു. 

ഓര്‍മ്മശക്തി കുറയല്‍...

കോര്‍ട്ടിസോള്‍ അധികരിക്കുന്നത് തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ മോശമായി ബാധിക്കും. ഓര്‍മ്മശക്തി കുറയുന്നതാണ് ഇതിലൊരു പ്രധാന പ്രശ്നം. അതുപോലെ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, ചിന്താശേഷി കുറയല്‍ പോലുള്ള പരിണിതഫലങ്ങളും ഉണ്ടാകുന്നു.

എല്ലുരുക്കം...

'ഓസ്റ്റിയോപോറോസിസ്' അഥവാ എല്ലുരുക്കം എന്ന പ്രശ്നവും കോര്‍ട്ടിസോള്‍ അധികമായി ഉത്പാദിപ്പിക്കപ്പെടുന്നതോടെയുണ്ടാകുന്നു. ഭക്ഷണത്തില്‍ നിന്ന് കാത്സ്യം പിടിച്ചെടുക്കുന്നത് കോര്‍ട്ടിസോള്‍ കുറയ്ക്കുന്നതോടെയാണ് ഇത് സംഭവിക്കുന്നത്. 

വ്യായാമം, യോഗ, മെഡിറ്റേഷൻ, ഇഷ്ടമുള്ള വിനോദങ്ങളിലേര്‍പ്പെടല്‍, ജീവിതത്തോട് പോസിറ്റീവായ കാഴ്ചപ്പാട് പുലര്‍ത്തല്‍, നല്ല സൗഹൃദങ്ങള്‍- ബന്ധങ്ങള്‍, ആരോഗ്യകരമായ ഡയറ്റ്, ഉറക്കം എന്നിവയെല്ലാം സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. അതേസമയം സ്ട്രെസ് നിത്യജീവിതത്തെ ബാധിക്കുന്നതായി കണ്ടാല്‍ തീര്‍ച്ചയായും മനശാസ്ത്ര വിദഗ്ധരെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടുന്നതാണ് ഉചിതം. 


health issues that comes as part of stress

Post a Comment

Previous Post Next Post