വിവാദ ഗോളില്‍ കളംവിട്ട ബ്ലാസ്റ്റേഴ്സ് പുറത്ത്; ബെംഗളൂരു സെമിയില്‍! മഞ്ഞപ്പടയ്ക്ക് നാടകീയ മടക്കം

ബെംഗളൂരു: ഐഎസ്എല്‍ നോക്കൗട്ടില്‍ ബെംഗളൂരു എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന് നാടകീയാന്ത്യം. സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളില്‍ ഏകപക്ഷീയമായ വിജയം നേടി ബെംഗളൂരു ടീം സെമിയിലെത്തി. ഗോളിന് പിന്നാലെ നടന്ന നാടകീയ സംഭവങ്ങളെ തുടർന്ന് കളംവിട്ട കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്‍റില്‍ നിന്ന് പുറത്തായി. 1-0നാണ് ബെംഗളൂരു സെമിയിലേക്ക് മാർച്ച് ചെയ്യുന്നത്. എക്സ്‍സ്‍ട്രാടൈമില്‍ 96-ാം മിനുറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍. മഞ്ഞപ്പടയുടെ പ്രതിരോധക്കോട്ട തയ്യാറാകും മുമ്പ് കിക്കെടുക്കുകയായിരുന്നു ഛേത്രി. സെമിയില്‍ മുംബൈ സിറ്റി എഫ്സിയാണ് ബെംഗളൂരുവിന്‍റെ എതിരാളികള്‍. 
ഗോളില്ലാ 90 മിനുറ്റ്, പിന്നെ സംഭവിച്ചത് അത്യപൂർവം

ആദ്യപകുതിയില്‍ ബെംഗളൂരു എഫ്സിയാണ് ആക്രമണത്തില്‍ മുന്നിട്ട് നിന്നതെങ്കില്‍ രണ്ടാംപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് ഊർജം വീണ്ടെടുത്തു. എന്നാല്‍ ഒരിക്കല്‍പ്പോലും പന്ത് വലയിലെത്തിക്കാനായില്ല. ബോക്സിലേക്കുള്ള ക്രോസുകളും ഫിനിഷിംഗുമെല്ലാം പിഴച്ചു. 71-ാം മിനുറ്റില്‍ ഡാനിഷ് ഫാറൂഖിന് പകരം സഹല്‍ അബ്‍ദുള്‍ സമദ് കളത്തിലെത്തിയതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് വേഗം കൂടി. 76-ാം മിനുറ്റില്‍ ക്യാപ്റ്റന്‍ ജെസ്സല്‍ കാർണെയ്റോ പരിക്കേറ്റ് പുറത്തുപോയതോടെ ആയുഷ് അധികാരി കളത്തിലെത്തി. പിന്നാലെ ലഭിച്ച കോർണർ കിക്കുകള്‍ മുതലാക്കാന്‍ മഞ്ഞപ്പടയ്ക്ക് സാധിക്കാതെ പോയി. 83-ാം മിനുറ്റില്‍ ആയുഷിന്‍റെ ക്രോസ് ദിമിത്രിയോസിന് മുതലാക്കാനായില്ല. 87-ാം മിനുറ്റില്‍ പന്ത് വളച്ച് വലയിലാക്കാനുള്ള സഹലിന്‍റെ ശ്രമം ഫലിക്കാഞ്ഞതും 90 മിനുറ്റികളില്‍ തിരിച്ചടിയായി.
വിവാദ ഗോൾ 👇👇


നാടകീയ സംഭവങ്ങള്‍, ഒടുവില്‍ ബ്ലാസ്റ്റേഴ്സ് പുറത്ത്

ഇതോടെ മത്സരം എക്സ്‍ട്രാടൈമിലേക്ക് നീണ്ടപ്പോള്‍ തുടക്കത്തിലെ രാഹുല്‍ കെ പിയുടെ ഒരു ഷോട്ട് ഗോളിലേക്ക് തിരിച്ചുവിടാന്‍ ലൂണ ശ്രമിച്ചെങ്കിലും പോസ്റ്റിനെ ഉരുമി കടന്നുപോയി. തൊട്ടുപിന്നാലെ സുനില്‍ ഛേത്രി നല്‍കിയ പാസ് റോയ് കൃഷ്‍ണയ്ക്ക് മുതലാക്കാനായില്ല. എന്നാല്‍ തൊട്ടുപിന്നാലെ ഛേത്രിയെ ഫൗൾ ചെയ്‍തതിന് ബെംഗളൂരുവിന് ഫ്രീകിക്ക് കിട്ടി. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അണിനിരക്കും മുമ്പ് ഛേത്രി പന്ത് ചിപ് ചെയ്ത് വലയിലാക്കി. ഇതോടെ ബെംഗളൂരു സ്കോർബോർഡില്‍ മുന്നിലെത്തി. എന്നാല്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഇത് ഗോളല്ല എന്ന് വാദിച്ചു. ഉടനടി ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തന്‍റെ താരങ്ങളെ മൈതാനത്തിന് പുറത്തേക്ക് തിരിച്ചുവിളിച്ചു. ഇതോടെ മത്സരം തടസപ്പെട്ടു. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. പിന്നാലെ മാച്ച് റഫറി എത്തി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

ISL 2022 23 Kerala Blasters out from tournament after boycott and Bengaluru FC into semi final

Post a Comment

Previous Post Next Post