ബെംഗലൂരുവുമായുള്ള മത്സരം വീണ്ടും നടത്തണമെന്ന് കേരളാ ബ്ലാസ്റ്റേഴ്സ്, വിവാദ റഫറിയെ വിലക്കണമെന്നും ആവശ്യം
















കൊച്ചി: ഐഎസ്എല്ലില്‍ സുനില്‍ ഛേത്രിയുടെ ഫ്രീ കിക്ക് ഗോളിനെത്തുടര്‍ന്ന് വിവാദത്തിലായ ബെംഗലൂരു എഫ് സിയുമായുള്ള പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്സ്. മത്സരം വീണ്ടും നടത്തണമെന്നും ബെംഗലൂരുവിന് അനുകൂലമായി ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണ്‍സണെ വിലക്കണമെന്നും ആവശ്യപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്സ് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പരാതി നല്‍കിയതായി ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
സുനില്‍ ഛേത്രി ഫ്രീ കിക്ക് എടുക്കുന്നതിന് മുമ്പ് റഫറി ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയോട് നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അതിനാല്‍ തന്നെ ഛേത്രിയുടെ അതിവേഗ ഫ്രീ കിക്ക് ഗോളായി അനുവദിക്കാനാവില്ലെന്നും ബ്ലാസ്റ്റേഴ്സ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. കളിക്കാരനോട് നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ റഫറി വിസില്‍ മുഴക്കാതെ കിക്ക് എടുക്കാനാവില്ലെന്നിരിക്കെ ഛേത്രിയുടെ ഫ്രീ കിക്ക് ഗോള്‍ നിലനില്‍ക്കില്ലെന്നും ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രീ കിക്ക് എടുക്കേണ്ട സ്ഥാനം സ്പ്രേ ഉപയോഗിച്ച് മാര്‍ക്ക് ചെയ്ത ശേഷം റഫറി തന്നോട് നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്ന് അഡ്രിയാന്‍ ലൂണയും ടീം മാനേജ്മെന്‍റിനോട് വിശദീകരിച്ചിരുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബെംഗലൂരു എഫ് സിയുമായുള്ള മത്സരം വീണ്ടും നടത്തണമെന്നും റഫറിയെ വിലക്കണമെന്നും ബ്ലാസ്റ്റേഴ്സ് ഫെഡറേഷന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.






ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബെംഗലൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാ ടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗലൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പെ അടിച്ച് ഗോളാക്കിയതാണ് വിവാദമായത്. ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോളിയും ഫ്രീ കിക്ക് തടയാനുള്ള പ്രതിരോധ മതില്‍ ഒരുക്കുന്നതിനിടെയാണ് ഛേത്രി ഗോളടിച്ചത്. ഇത് റഫറി ഗോളായി അനുവദിച്ചതോടെ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് മൈതാനം വിടുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കാതെ ബഹിഷ്കരിച്ചതോടെ ഛേത്രിയുടെ ഗോളില്‍ 1-0ന് ബെംഗളൂരു ജയിച്ചതായി റഫറി പ്രഖ്യാപിച്ചു.

ഇതോടെ ബെംഗളൂരു സെമിയിലേക്ക് മുന്നേറിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ മടങ്ങി. ഐഎസ്എല്ലിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച് കളിക്കളം വിടുന്നത്. ബ്ലാസ്റ്റേഴ്സിനെതിരേ പിഴയും വിലക്കും അടക്കമുള്ള നടപടികള്‍ ഉണ്ടാവുമെന്നാണ് സൂചന.

Post a Comment

Previous Post Next Post