വീട്ടുമുറ്റത്തെ പഴം–പച്ചക്കറിയിൽനിന്നുണ്ടാക്കാം സ്വാദിഷ്ടമായ ഹൽവ: സിംപിൾ റെസിപിനമ്മുടെ പുരയിടങ്ങളിൽ സുലഭമായ ചക്കപ്പഴം, മാമ്പഴം, പപ്പായ, മത്തൻ, വെള്ളരി, ഏത്തപ്പഴം എന്നിവയെല്ലാം ഹൽവ തയാറാക്കാൻ യോജ്യമാണ്. ചക്കപ്പഴം, മത്തൻ, ഏത്തപ്പഴം എന്നിവയുടെ ഹൽവ തയാറാക്കുമ്പോൾ ശർക്കരയും പപ്പായ, വെള്ളരി, മാമ്പഴം, പൈനാപ്പിൾ എന്നിവയുടെ ഹൽവ തയാറാക്കുമ്പോൾ പഞ്ചസാരയും ചേര്‍ക്കുക. 
മത്തൻ, ഏത്തപ്പഴം എന്നിവ വേവിച്ച് അരച്ചെടുത്തും ചക്കപ്പഴം നേരിട്ട് അരച്ചുമാണ് പൾപ്പ് തയാറാക്കേണ്ടത്. ഒരു കിലോ പഴത്തിന് മുക്കാൽ കിലോ എന്ന അളവിൽ ശർക്കരയും 300–400 ഗ്രാം അരിപ്പൊടി അല്ലെങ്കിൽ മൈദയും ചേർക്കണം. ശർക്കരപ്പാനി തയാറാക്കി അരിച്ചതിനുശേഷം തണുപ്പിച്ച് അതിലേക്ക് അരിപ്പൊടി / മൈദ ചേർത്ത് കട്ടപിടിക്കാതെ യോജിപ്പിക്കുക. ഈ മിശ്രിതം ഓട്ടുരുളിയിലേക്കു പകർന്ന്, അരച്ചെടുത്ത പൾപ്പ് ചേർത്ത് വേവിക്കുക. ജലാംശം വറ്റിത്തുടങ്ങുമ്പോൾ വെളിച്ചെണ്ണ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ നല്ലെണ്ണ ചേർക്കുക (കിലോയ്ക്ക് 400 മില്ലി). എണ്ണ കുറേശ്ശെയായി ചേർക്കുന്നതാണു നല്ലത്.

തുടർന്ന്, മിശ്രിതം കട്ടിയായി എണ്ണ തിരിച്ചിറങ്ങിത്തുടങ്ങും. ഹൽവ അൽപമെടുത്ത് ഒരു ഇലയിൽ വച്ച് ഉരുട്ടി നോക്കിയാൽ ഉരുണ്ടുവരും. ഊറി വരുന്ന എണ്ണ കോരി മാറ്റിയതിനുശേഷം അൽപം ഏലയ്ക്കായും ചുക്കും പൊടിച്ചു ചേർക്കുക. 50 മില്ലി നെയ്യ് ചേർക്കുക. ചതുരാകൃതിയിലുള്ള ഒരു പാത്രത്തിലേക്കു കോരിമാറ്റി അമർത്തി നിറയ്ക്കുക. മുകളിൽ ഭാരമുള്ള എന്തെങ്കിലും ഉപയോഗിച്ച് അമർത്തിവയ്ക്കുക. വായുഅറകൾ ഇല്ലാതാകാനും അധികമുള്ള എണ്ണ വാർന്നു പോകാനുമാണിത്. തുടർന്ന് അനുയോജ്യമായ പായ്ക്കുകളിൽ നിറയ്ക്കാം.

How to make Halwa at Home

Post a Comment

Previous Post Next Post