താരനും തലമുടി കൊഴിച്ചിലും അകറ്റാന്‍ പരീക്ഷിക്കാം തൈര് കൊണ്ടുള്ള ഈ ഹെയര്‍ പാക്കുകള്‍...


















തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചില്‍ മാറാനായി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം.കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. തലമുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. ശിരോചർമ്മ സംരക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയാലും ഒരുപരിധിവരെ താരനെ പ്രതിരോധിക്കാൻ സാധിക്കും.  ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ഹെയര്‍ മാസ്കുകളുടെ ഉപയോഗം. 
തൈര് കൊണ്ടുള്ള ഹെയര്‍ മാസ്ക്കുകള്‍ താരന്‍ അകറ്റാനും തലമുടി വളരാനും നല്ലതാണ്. അത്തരത്തില്‍ തൈര് കൊണ്ടുള്ള ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം... 👇

ഒന്ന്...

തൈരിനൊപ്പം തേൻ, കറ്റാർവാഴ തുടങ്ങിയവ ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടാം. ഇവ തലമുടി കൊഴിച്ചില്‍ തടയാന്‍‌ സഹായിക്കും. 

രണ്ട്...

പുളിച്ച തൈര് അല്‍പ്പം ഉപ്പും ചേര്‍ത്ത് തലയില്‍ പുരട്ടുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം. ഇടയ്ക്ക് ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും. 

മൂന്ന്...

അര കപ്പ് തൈര്, ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് തലമുടിവേരുകളിൽ തുടങ്ങി അറ്റം വരെ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വരെ ഇത് ഉപയോഗിക്കാം. തൈര് മാത്രം ശിരോചർമ്മത്തിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുന്നതും താരനിൽനിന്നും ഒരു പരിധിവരെ മോചനം നേടാൻ സഹായിക്കും. 







നാല്...

ഒരു കപ്പ് തൈര്, ഒരു മുട്ടയുടെ വെള്ള,  രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലുമായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകാം. 

അഞ്ച്...

ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

ആറ്...

തലേ ദിവസം കുതിർത്തു വെച്ച ഉലുവ മിക്സിയിൽ നന്നായി അരച്ചെടുക്കാം. ഇതിനു പുറമെ ഒരു പിടി ഉലുവ കൂടി എടുത്ത് നന്നായി പൊടിച്ചെടുക്കുക. ഇതിലേയ്ക്ക് ഒരു കപ്പ് തൈര്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം ഈ മിശ്രിതം ശിരോ ചര്‍മ്മത്തിലും തലമുടിയിലും നന്നായി പുരട്ടാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. താരന്‍ അകറ്റാന്‍ മികച്ചൊരു പാക്കാണിത്. 

curd hair masks for hair care

Post a Comment

Previous Post Next Post