ആപ്പിളിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലെ വൈറൽ പൂച്ചയ്ക്ക് പിന്നില്‍ ഒരു 'മലയാളി ക്ലിക്ക്' !


ഫിലിം ക്യാമറകളില്‍ നിന്നും ഡിജിറ്റല്‍ ക്യാമറകളിലേക്ക് മാറിയപ്പോള്‍ തന്നെ ഫോട്ടോഗ്രഫിയില്‍ ജനകീയ വിപ്ലവം ആരംഭിച്ചിരുന്നു. എന്നാല്‍ അത് ശക്തമായത് മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ സജീവമായതോടെയാണ്. മൊബൈല്‍ ഫോണ്‍ കൈയിലുള്ള ആര്‍ക്കും അവരവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഫോട്ടോയെടുക്കാം എന്ന് വന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ അതൊരു വിപ്ലവം തന്നെയായി മാറുകയായിരുന്നു. മൊബൈല്‍ ക്യാമറകള്‍ വ്യാപകമായതോടെ നിരവധി ആളുകളുടെ പാഷനായി ഫോട്ടോഗ്രഫി മാറി. ഒഴിവ് സമയ വിനോദം എന്നതിനുമപ്പുറം വളരെ സീരിയസായി ഫോട്ടോഗ്രഫിയെ കൊണ്ട് നടക്കുന്നവരും കുറവല്ല. മൊബൈല്‍ ഫോട്ടോഗ്രഫിയെ ഏറെ സീരിയസായി കാണുന്ന ഒരാളാണ് വയനാട് സ്വദേശിയായ റാഷിദ് ഷെരീഫ്. റാഷിദ് പകര്‍ത്തിയ ഒരു ചിത്രം ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ വൈറലാണ്. 
ഖത്തറിൽ ഓട്ടോ ഇലക്ട്രിഷ്യനായി ജോലി നോക്കുകയാണ് റാഷിദ്. ഒഴിവ് സമയങ്ങളിൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതാണ് റാഷിദിന്‍റെ പ്രധാന വിനോദം. ഇതിനകം ആയിരത്തോളം ചിത്രങ്ങളാണ് റാഷിദ് തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചത്. പതിനായിരത്തിലധികം ഫോളോവേഴ്സും റാഷിദിന് സ്വന്തം. കഴിഞ്ഞ മാര്‍ച്ച് ആറാം തിയതി തന്‍റെ ഇസ്റ്റാഗ്രാം അക്കൗണ്ട് വഴി ഒരു പൂച്ചയുടെ ആറോളം ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. പിന്നാലെ ഈ ചിത്രങ്ങള്‍ ആപ്പിള്‍ അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചു. വെറും അഞ്ച് ദിവസം കൊണ്ട് പത്ത് ലക്ഷം പേരാണ് ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടത്. ഒരു പക്ഷേ മലയാളിയായ ഒരാളുടെ ചിത്രങ്ങള്‍ക്ക് ഇത്രയും ചെറിയ സമയത്തിനുള്ളില്‍ അന്താരാഷ്ട്രാതലത്തില്‍ ഇത്രയേറെ ആളുകള്‍ ലൈക്ക് ചെയ്യുന്നത് തന്നെ ആദ്യമായിട്ടായിരിക്കും. ആപ്പിളിന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ നിലവിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ നേടിയ ചിത്രമെന്ന ബഹുമതിയും ഇപ്പോൾ റാഷിദിന് സ്വന്തം.

ഇതിനു മുമ്പും റാഷിദിന്‍റെ ചിത്രങ്ങള്‍ ആപ്പിൾ തങ്ങളുടെ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. കൂടാതെ ഗൂഗിളും റാഷിദിന്‍റെ ചിത്രങ്ങൾ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജില്‍ മുൻപ് പങ്കുവെച്ചിരുന്നു. ലോകത്തുടനീളമുള്ള ഐ ഫോൺ ഉപയോക്താക്കൾ പകർത്തുന്ന ചിത്രങ്ങളിൽ നിന്ന് #ShotonIphone എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം വഴി പങ്കിടുന്ന പതിനായിരക്കണക്കിന് ചിത്രങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന ചില ചിത്രങ്ങൾ മാത്രമാണ് ആപ്പിൾ അവരുടെ അക്കൗണ്ടിൽ പുനപ്രസിദ്ധീകരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഇന്ത്യക്കാരുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പുനപ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്രയേറെ സ്വീകാര്യ ലഭിക്കുന്നത് ഒരു പക്ഷേ ആദ്യമായിട്ടായിരിക്കുമെന്ന് റാഷിദ് പറയുന്നു. റാഷിദ് പകർത്തിയ ചിത്രങ്ങൾ പരസ്യ ചിത്രീകരണത്തിന് ഉപയോഗിക്കുമെന്നും അനുമോദനം എന്ന നിലയിൽ പാരിതോഷികമായി ഒരു തുക കൈമാറുമെന്നും ആപ്പിള്‍ അറിയിച്ചതായി റാഷിദ് പറഞ്ഞു. Malayali behind the viral cat on Apple's Instagram page

Post a Comment

Previous Post Next Post