വാഹനം ഓടിക്കുന്നതിനിടയിൽ കൈ കൊണ്ട് ചെവിയിൽ പിടിച്ചാലും പിഴ വരുമോ?: സംശയങ്ങൾക്ക് മറുപടി


















തിരുവനന്തപുരം:ഇന്നു മുതൽ നിരത്തുകളിലെ അപകടം കുറയ്ക്കുന്നതിന് മോട്ടർ വാഹനവകുപ്പിന്റെ മൂന്നാംകണ്ണ് പ്രവർത്തനം തുടങ്ങും. നിർമിത ബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– എഐ) പ്രവർത്തിക്കുന്ന ക്യാമറകൾ സംസ്ഥാനത്ത് 726 കേന്ദ്രങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയ്ക്കു പുറമേ സംസ്ഥാനത്തു വിവിധ ഭാഗങ്ങളിലായി 4 മൊബൈൽ ക്യാമറ യൂണിറ്റുകളുമുണ്ട്. എഐ ക്യാമറകളെക്കുറിച്ചുള്ള പൊതുവായ സംശയങ്ങൾക്ക് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് പ്രതികരിക്കുന്നു.


2018 ൽ വേഗപരിധി പുതുക്കി കേന്ദ്ര വിജ്ഞാപനം വന്നിട്ടും 2014 ലെ സംസ്ഥാന വിജ്ഞാപനം പാലിച്ചാണ് എഐ ക്യാമറ പ്രവർത്തിക്കുന്നത്
ഒരു റോഡിലെ പരമാവധി വേഗപരിധി നിശ്ചയിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. റോഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് അതിൽ താഴെയുള്ള ഏതു വേഗവും പരമാവധി വേഗമായി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. 2014 ലെ സംസ്ഥാന വിജ്ഞാപന പ്രകാരമുള്ള വേഗമാണ് കേരളത്തിലെ ഏതു റോഡിലും പാലിക്കേണ്ടത്. ആറുവരിപ്പാതകൾ ഉൾപ്പെടെ വരുന്നതോടെ വേഗപരിധി വർധിപ്പിക്കുന്നതു സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്
  • ക്യാമറകൾ എവിടെയൊക്കെയാണുള്ളത്...

കേരളത്തിലെ പ്രധാന അപകടമേഖലകൾ, നിയമലംഘനം കൂടുതൽ നടക്കുന്ന സ്ഥലങ്ങൾ തുടങ്ങിയിടങ്ങളിൽ. മോട്ടർ വാഹനവകുപ്പിന്റെ എഐ ക്യാമറകൾക്കു പുറമേ പൊലീസിന്റെ ഇന്റലിജന്റ് ട്രാഫിക് എൻഫോഴ്സ്മെന്റ് സിസ്റ്റം എന്ന ക്യാമറ ശൃംഖലയും വരുന്നുണ്ട്. ഇവ പരസ്പര ബന്ധിതമായി എല്ലായിടത്തും നിരീക്ഷണം ഉറപ്പാക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

മോട്ടർ വാഹനവകുപ്പിന്റെ 726 ക്യാമറകളിൽ 675 എണ്ണം സീറ്റ് ബെൽറ്റ്, ഹെൽമറ്റ്, രണ്ടിലധികം യാത്രക്കാരുള്ള ഇരുചക്രവാഹനങ്ങൾ തുടങ്ങിയവ കണ്ടെത്താനാണ്.  8 എണ്ണം അമിതവേഗം, 18 എണ്ണം ജംക്‌ഷനുകളിലെ ചുവപ്പ് സിഗ്നൽ ലംഘിക്കൽ എന്നിവ കണ്ടെത്തും (ആർഎൽവിഡി ക്യാമറ). അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറകളാണുള്ളത്.

  • എത്ര ദൃശ്യങ്ങൾ പകർത്താം, എത്രകാലം സൂക്ഷിക്കാം

എത്ര ചിത്രങ്ങൾ വേണമെങ്കിലും ആവശ്യമുള്ള കാലം സൂക്ഷിക്കാം. ഏതു കാലത്തും ബാക്കപ് എടുക്കാം. ഒരു കേസ് റജിസ്റ്റർ ചെയ്ത് ചലാൻ സൃഷ്ടിച്ചാൽ പിഴ അടച്ച് കേസ് തീർക്കുന്നതുവരെ എന്തായാലും ദൃശ്യങ്ങൾ സൂക്ഷിക്കും.





  • ഇരുചക്ര വാഹനങ്ങളിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് കുട്ടികളെ കൊണ്ടുപോകാമോ

ഇരുചക്ര വാഹനങ്ങളിൽ 2 പേരിൽ കൂടുതലുണ്ടെങ്കിൽ തീർച്ചയായും എഐ ക്യാമറ ചിത്രമെടുക്കും. ഒരു മുതിർന്നയാളും ഒരു കുട്ടിയുമാണ് യാത്ര ചെയ്യുന്നതെങ്കിൽ കുട്ടിയെ നിർബന്ധമായും ഹെൽമറ്റ് ധരിപ്പിക്കുക.
കാറിന്റെ പിൻസീറ്റിൽ യാത്ര സീറ്റ് ബെൽറ്റ് ധരിക്കാത്തവരെ ക്യാമറ പിടികൂടുമോ

ആദ്യഘട്ടത്തിൽ കാറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നില്ല. 

  • വാഹനം ഓടിക്കുന്നതിനിടയിൽ കൈ കൊണ്ട് ചെവിയിൽ പിടിച്ചാലും മൊബൈൽ ഉപയോഗിക്കുകയാണെന്നു ക്യാമറ തെറ്റിദ്ധരിക്കുമോ

പ്രധാനമായി ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കുമ്പോഴാണ് എഐ ക്യാമറ ദൃശ്യം പകർത്തുക. കൈ ചെവിയിൽ പിടിച്ചതു കൊണ്ട് മൊബൈൽ ഉപയോഗം റിപ്പോർട്ട് ചെയ്യില്ല. നിലവിൽ കാറുകളിലെ ഹാൻഡ്സ് ഫ്രീ സൗകര്യം ഉപയോഗിക്കുന്നതു കണ്ടെത്താൻ സംവിധാനമില്ല. ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധ നഷ്ടപ്പെടാൻ ഇടയാക്കുമെന്നതിനാൽ അതു ചെയ്യാതിരിക്കുകയാണ് നല്ലത്.

  • കറുത്ത വസ്ത്രം ധരിക്കുമ്പോഴും സ്ത്രീകൾ ഷാൾ ധരിക്കുമ്പോഴും ക്യാമറയിൽ സീറ്റ് ബെൽറ്റ് പതിയാതിരിക്കുമോ?

ഏതു വസ്ത്രം ധരിച്ചാലും സീറ്റ് ബെൽറ്റ് കണ്ടെത്താം. പല എക്സ്പോഷറിലാണ് ചിത്രങ്ങൾ പകർത്തുന്നത്. അവ സൂക്ഷ്മമായി പരിശോധിച്ചാൽ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോയെന്ന് കൃത്യമായി അറിയാം.

  •  ൈലൻ ട്രാഫിക് പരിശോധനയ്ക്ക് എഐ ക്യാമറ ഉപയോഗിക്കുമോ

ലൈൻ ട്രാഫിക് പരിശോധനയ്ക്കും എഐ ക്യാമറകൾ ഉപയോഗിക്കാമെങ്കിലും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

  • എഐ ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസ് ഉൾപ്പെടെ മറ്റ് ഏജൻസികൾക്കു കൈമാറുമോ

മറ്റ് ഏജൻസികൾക്ക് ആവശ്യമെങ്കിൽ ദൃശ്യങ്ങൾ പരസ്പരം പങ്കുവയ്ക്കാൻ തീരുമാനമുണ്ട്. നിരീക്ഷണ ക്യാമറ അല്ലാത്തതിനാൽ കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം പോകുന്നവരെ പിന്തുടരാൻ എഐ ക്യാമറയ്ക്കു കഴിയില്ല. വിഡിയോ റെക്കോർഡിങ് സൗകര്യവുമില്ല. ട്രാഫിക് നിയമ ലംഘനങ്ങൾ മാത്രം പിടികൂടാൻ ഉദ്ദേശിച്ചുള്ളവയാണ് ഈ ക്യാമറകൾ.

  • പിഴ ഈടാക്കി സർക്കാരിന്റെ വരുമാനം വർധിപ്പിക്കുകയാണോ എഐ ക്യാമറകളുടെ ലക്ഷ്യം

പിഴ ഈടാക്കാനല്ല, ജനങ്ങളെ സുരക്ഷിതരാക്കുകയാണ് എഐ ക്യാമറകളുടെ ലക്ഷ്യം. എവിടെയൊക്കെ ക്യാമറയുണ്ടെന്ന വിവരം പുറത്തുവിടാൻ ഞങ്ങൾ തയാറാണ്. അവിടെ എത്തുമ്പോഴെങ്കിലും നിയമം പാലിക്കാൻ എല്ലാവരും തയാറാകുമല്ലോ. പിഴ ഈടാക്കുന്നത് അവബോധം സൃഷ്ടിക്കാനാണ്. പിഴ നൽകേണ്ടി വരാത്ത ഒരു കാലമാണ് വകുപ്പിന്റെ സ്വപ്നം.







  • എത്ര നിയമലംഘനങ്ങൾ ഒരു ദിവസം പിടികൂടാം

പരീക്ഷണാടിസ്ഥാനത്തിൽ എഐ ക്യാമറകൾ പ്രവർത്തിപ്പിച്ചപ്പോൾ തിരുവനന്തപുരം ജില്ലയിലെ 81 ക്യാമറകളിൽ നിന്നു മാത്രം അര ലക്ഷത്തോളം നിയമലംഘനങ്ങൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംസ്ഥാനത്താകെ കണക്കെടുത്താൽ പലമടങ്ങാകും. രാത്രിയും പകലും ഒരേ നിലവാരമുള്ള ദൃശ്യങ്ങൾ ലഭിക്കുന്ന ക്യാമറയാണ്. രാത്രി ഇൻഫ്രാറെഡ് ഫ്ലാഷ് ഉപയോഗിച്ച് വളരെ വ്യക്തമായ ദൃശ്യം പകർത്താം.

 സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാത്തവർ, രണ്ടിലധികം യാത്രക്കാരെ കയറ്റിയ ഇരുചക്ര വാഹനങ്ങൾ, അനധികൃത പാർക്കിങ്, അമിത വേഗം, സിഗ്നലുള്ള ജംക്‌ഷനിൽ ചുവന്ന ലൈറ്റ് മറികടന്നു പോകുന്നത്, ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളാണ് തുടക്കത്തിൽ പിടികൂടുക. കൺട്രോൾ റൂമിലെ സോഫ്റ്റ്‌വെയർ വാഹനത്തിന്റെ നമ്പർ കണ്ടെത്തി സ്വയം ചലാൻ തയാറാക്കും. 

വാഹന ഉടമയ്ക്ക് ഇതു സംബന്ധിച്ച മെസേജ് ലഭിക്കും. സംസ്ഥാന തല കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ ജില്ലാ കൺട്രോൾ റൂമുകളിലേക്ക് അയച്ച് അവിടെ നിന്നാകും തുടർ നടപടി.

  • റോഡുകളിൽ പലയിടത്തും അടയാള ബോർഡുകൾ, വരകൾ തുടങ്ങിയവയില്ല

ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിങ്ങനെ പല റോഡുകളും പരിപാലിക്കുന്നതു പല ഏജൻസികളാണ്. റോഡിൽ അടയാള ബോർഡുകൾ സ്ഥാപിക്കാൻ വേണ്ട നിർദേശം റോഡ് സുരക്ഷാ അതോറിറ്റി നൽകിയിട്ടുണ്ട്. എഐ ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ റോഡ് സുരക്ഷാ അതോറിറ്റിയും കെൽട്രോണും ചേർന്ന് അടയാള ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

  • വിഐപി വാഹനങ്ങളെ എഐ ക്യാമറകൾ ഒഴിവാക്കുമോ

ദ്രുതഗതിയിൽ എത്തേണ്ട എമർജൻസി വാഹനങ്ങൾ ഉൾപ്പെടെയുള്ളവയെ ഒഴിവാക്കിയിട്ടുണ്ട്. അഗ്നിരക്ഷാസേന, ആംബുലൻസ്, പൊലീസ് തുടങ്ങി മുകളിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളെയാണ് ഒഴിവാക്കുന്നത്. മറ്റ് ഇളവുകൾ നിലവിലില്ല.

Motor Vehicle Department AI camera start functioning

Post a Comment

Previous Post Next Post