യുപിഐ ഇടപാടുകളിൽ അക്കൗണ്ടുകൾ മരവിപ്പിച്ചു, നടപടി ഫെഡറൽ ബാങ്ക് അക്കൗണ്ടുകളിൽ; വ്യാപാരികൾ ആശങ്കയിൽ


തിരുവനന്തപുരം: യുപിഐ ഇടപാടുകളിൽ അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ വ്യാപാരികൾ ആശങ്കയിൽ. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ഗുജറാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഒന്നിന് പിറകെ ഒന്നായി ഫെഡറൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. നാഷണൽ സൈബർ ക്രൈം പോർട്ടർ നിർദ്ദേശമുള്ളതിനാൽ ബാങ്കിനും മറ്റൊന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്.
ചെറിയ ഇടപാടുകൾ പോലും യുപിഐ വഴിയാക്കുന്ന ഈ കാലത്ത് ഇപ്പോൾ വ്യാപാരികളുടെ ചങ്കിടിപ്പ് ഉയരുകയാണ്.യുപിഐ വഴി പണമിടുന്നവർ ആരാണെന്നോ ഇവരുടെ പശ്ചാത്തലമെന്താണെന്നോ മനസിലാക്കാനോ നിർവാഹമില്ല.യുപിഐ വഴിയുള്ള ഇടപാടുകൾ പരമാവധി കുറക്കാൻ ശ്രമിച്ചാലും സാധനം വാങ്ങാനെത്തുന്നവരെ നിർബന്ധിക്കാനുമാകില്ല. പത്ത് രൂപയുടെ ഇടപാട് പോലും കുഴപ്പം പിടിച്ച അക്കൗണ്ടുകളിൽ നിന്നായാൽ അക്കൗണ്ട് മുഴുവൻ മരവിപ്പിക്കുന്ന സ്ഥിതിയും.

എറണാകുളം മുപ്പത്തടത്തെ പൾപ്പ് ഹബ് ഹോട്ടലിൽ എത്തിയൊരാൾ ഗൂഗിൾ പേ വഴി നൽകിയ പണമാണ് സ്ഥലത്തെ എട്ട് വ്യാപാരികൾക്ക് തലവേദനയായത്.അനധികൃത പണമിടപാട് നടത്തിയതിൽ ഗുജറാത്ത് പൊലീസിന്‍റെ കേസ് നേരിടുന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നുമാണ് മുപ്പത്തടത്തെ സിജോ ജോർജ് എന്ന ഹോട്ടലുടമയുടെ അക്കൗണ്ടിൽ പണം എത്തിയതെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.സിജോ ഹോട്ടലിൽ ഇറച്ചി എത്തിക്കുന്നവർക്കും മറ്റു ചിലർക്കും ഈ അക്കൗണ്ടിൽ നിന്നും പണം നൽകി. മാർച്ച് 24ഓടെ ഒന്നിന് പിറകെ ഒന്നായി അക്കൗണ്ടുകൾ ഫ്രീസ് ചെയ്തു.പരാതിപ്പെട്ടിട്ടും ഫലമില്ല.


ഫെഡറൽ ബാങ്ക് അക്കൗണ്ടുകളാണ് ഇപ്പോൾ മരവിപ്പിച്ചിട്ടുള്ളത്. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്‍റെ നിർദ്ദേശപ്രകാരം ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചു എന്ന് മാത്രമാണ് ഫെഡറൽ ബാങ്ക് വ്യക്തമാക്കുന്നത്.ഇടപാടുകാർക്ക് ഗുജറാത്ത് പൊലീസിലെ അന്വേഷണ സംഘത്തിന്‍റെ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.മറ്റ് ജില്ലകളിലും അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.

accounts frozen for upi transactions traders are worried

Post a Comment

Previous Post Next Post