പുളിക്കൽ: സൗത്ത് ഇന്ത്യ, ദേശീയ വീൽചെയർ ക്രിക്കറ്റ് മത്സരങ്ങൾക്കു മുൻപ് തമിഴ്നാടും കേരളവും സൗഹൃദ മത്സരങ്ങൾ പൂർത്തിയാക്കി. രണ്ടു ദിവസങ്ങളിലായി നടന്ന 3 മത്സരങ്ങളിലും തമിഴ്നാട് ജയിച്ചു. കേരളത്തിന്റെ പ്രതിഭ വീൽചെയർ ക്രിക്കറ്റ് അസോസിയേഷൻ ടീമും തമിഴ്നാട് വീൽചെയർ ക്രിക്കറ്റ് അസോസിയേഷൻ ടീമും തമ്മിലായിരുന്നു മത്സരം.
പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡ് ക്യാംപസ് ആണു മത്സരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. ജാമിഅ സലഫിയ മൈതാനത്തായിരുന്നു മത്സരങ്ങൾ. തമിഴ്നാട് ടീമിലെ രാമചന്ദ്രൻ പരമ്പരയിലെ താരമായി.
പ്രതിഭ വീൽചെയർ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ഡോ. മുഹമ്മദ് ഷാനിലും എബിലിറ്റി കോളജ് ഫോർ ഹിയറിങ് ഇംപയേർഡ് പ്രിൻസിപ്പൽ എം.നസീമും ട്രോഫികൾ നൽകി. തമിഴ്നാട് വീൽചെയർ ക്രിക്കറ്റ് അസോസിയേഷൻ മാനേജർ ഡോ. ഗജേന്ദ്രൻ പ്രസംഗിച്ചു.
ട്രോമാകെയർ, ടിഡിആർഎഫ് വൊളന്റിയർമാരുടെ സേവനം രണ്ടു ദിവസവും മൈതാനത്തുണ്ടായിരുന്നു. മുണ്ടക്കൽ എംവൈസി ക്ലബ് ആണ് ട്രോഫികൾ ഒരുക്കിയത്.