പെട്രോൾ-ഡീസൽ വില കൂടും, മദ്യവിലയും ഉയരും; സംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ


















തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്‍റെവിലയും നാളെ മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്.
നാളെ മുതൽ ജീവിതച്ചെലവ് കുത്തനെ കൂടുകയാണ്. ഇന്ധനവിലയിലാണ് പ്രധാനമായും കൈപൊള്ളുന്നത്. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച് 2 രൂപ സെസാണ് നിലവിൽ വരുന്നത്. വ്യാപക പ്രതിഷേധത്തിനൊടുവിൽ ഒരു രൂപയെങ്കിലും കുറക്കുമെന്ന സൂചനയുണ്ടായെങ്കിലും സർക്കാർ ഒട്ടും പിന്നോട്ട് പോയില്ല. മദ്യവിലയിൽ പത്ത് രൂപയുടെ വരെ വ്യത്യാസവും ഉണ്ടാകും.

13 വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില കൂടിയത്. സെന്റിന് ഒരുലക്ഷം ന്യായവില 20 ശതമാനം കൂടുമ്പോൾ 1,20,000. എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസും ചേര്‍ന്നാൽ പ്രമാണ ചെലവിലും ആനുപാതിക വര്‍ധന ഉണ്ടാകും. അതായത് ഒരു ലക്ഷം ന്യായവിലുള്ള ഭൂമി പ്രമാണം ചെയ്യണമെങ്കിൽ 12,000 രൂപയെങ്കിലും വേണം. കൂടിയ നിരക്ക് നിലവിൽ വരുന്നതിന് മുൻപ് പരമാവധി പേര്‍ രജിസ്ട്രേഷൻ നടത്താനെത്തിയതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് ഈമാസം മാത്രം 200 കോടിയോളം രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. 










ഭൂനികുതിയും അഞ്ച് ശതമാനം കൂടും. കെട്ടിട നികുതി നിരക്കിലും വിവിധ അപേക്ഷകളുടെ ഫീസ് നിരക്ക് വര്‍ദ്ധനയും ബജറ്റിൽ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതിന് മാര്‍ഗ്ഗരേഖ ഉണ്ടാക്കേണ്ടത് തദ്ദേശ വകുപ്പാണ്. വിശദമായ ഉത്തരവ് ഈ ആഴ്ച തന്നെ പുറത്തിറങ്ങുമെന്നാണ് വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.

petrol diesel fuel price and liquor price will increase in kerala from tomorrow

Post a Comment

Previous Post Next Post