പിഴവ് കണ്ടെത്താൻ സഹായിച്ചവർക്ക് ഗൂഗിൾ നല്‍കിയത് 99.51 കോടി രൂപ, മുന്നിൽ ഇന്ത്യക്കാർ

















ഗൂഗിളിന്റെ വിവിധ സേവനങ്ങളിലും ഉൽപന്നങ്ങളിലും തെറ്റുകളും സുരക്ഷാപിഴവുകളും കണ്ടെത്തി പരിഹരിക്കാൻ സഹായിച്ചവർക്ക് കഴിഞ്ഞ വർഷം നൽകിയത് 1.2 കോടി ഡോളർ (ഏകദേശം 99.51 കോടി രൂപ) ആണെന്ന് ആൽഫബെറ്റ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അറിയിച്ചു. ആൻഡ്രോയിഡ് വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാമിന് (വിആർപി) 2022 ൽ 48 ലക്ഷം ഡോളർ പ്രതിഫലമാണ് നൽകിയത്. ഇത് ഒരു വർഷം നൽകുന്ന റെക്കോർഡ് തുകയാണ്. കഴിഞ്ഞ വർഷം 700 ടെക് വിദഗ്ധർ‌ക്കാണ് ഈ തുക നൽകിയത്. ഇവർക്ക് ലഭിച്ച തുകയിൽ 2.3 ലക്ഷം ഡോളർ ചാരിറ്റിക്കായും സംഭവാന ചെയ്തു.
2022 ൽ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഇരുന്നൂറിലധികം പിഴവുകൾ കണ്ടെത്തിയ ബഗ്‌സ്മിററിലെ അമന്‍ പാണ്ഡെയാണ് വിദഗ്ധരുടെ പട്ടികയിൽ ഒന്നാമത്. 2021 ലും അമൻ പാണ്ഡെയായിരുന്നു ഒന്നാം സ്ഥാനത്തെന്ന് ഗൂഗിൾ വൾനറബിലിറ്റി റിവാർഡ് ടീമിലെ സാറാ ജേക്കബ്സ് പറഞ്ഞു. 2019 മുതൽ ഇതുവരെയായി വിആർപി പ്രോഗ്രാമിൽ 500 ലധികം പിഴവുകളാണ് പാണ്ഡെ റിപ്പോർട്ട് ചെയ്തത്.

ആൻഡ്രോയിഡ് ചിപ്‌സെറ്റ് സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാമിൽ (ACSRP) 2022 ൽ 4.86 ലക്ഷം ഡോളർ പ്രതിഫലമായി നൽകി. ഈ വിഭാഗത്തിൽ 700 ലധികം സുരക്ഷാ പിഴവുകളാണ് റിപ്പോർട്ട് ചെയ്തത്. ക്രോം വിആർപിയിൽ 470 സുരക്ഷാ പ്രശ്നങ്ങൾ റിപ്പോര്‍ട്ട് ചെയ്തപ്പോൾ വിദഗ്ധർക്ക് പ്രതിഫലമായി നൽകിയത് 40 ലക്ഷം ഡോളരാണ്. ക്രോംഒഎസി ലെ സുരക്ഷാ ബഗുകളെക്കുറിച്ചുള്ള 110 റിപ്പോർട്ടുകൾക്ക് ഏകദേശം 5 ലക്ഷം ഡോളറും പ്രതിഫലം നൽകി.

2021ല്‍ ബഗ് ഹണ്ടേഴ്‌സ് പോര്‍ട്ടലും ഗൂഗിൾ തുടങ്ങി. ഗൂഗിള്‍, ആന്‍ഡ്രോയിഡ്, ക്രോം, ക്രോംഒഎസ്, ചിപ്സെറ്റ്, ഗൂഗിള്‍ പ്ലേ എന്നിങ്ങനെയുള്ള വിആര്‍പികളില്‍ ഗവേഷകര്‍ക്ക് അതിവേഗം ബഗ് റിപ്പോർട്ട് ചെയ്യുന്നതിനാണ് പൊതു ഗവേഷക പോര്‍ട്ടല്‍ അവതരിപ്പിച്ചത്. പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർ‌ക്കും ടെക്കികൾക്കുമാണ് ഗൂഗിൾ ഹാൾ ഫെയിം അംഗീകാരം നൽകുന്നത്. ഗൂഗിളിലെ സാങ്കേതിക വിദഗ്ധരുടെ പിഴവുകൾ കണ്ടെത്തി ഈ അംഗീകാരം നേടാൻ ലക്ഷക്കണക്കിനു ടെക്കികളാണ് ദിവസവും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്.







ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകൾ കണ്ടെത്തുന്നവർക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ഈ ലിസ്റ്റിൽ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം (Vulnerability Reward Program) എന്നാണ് ഇതിനെ വിളിക്കുന്നത്. തെറ്റു കണ്ടെത്തുന്നവർക്ക് ഗൂഗിൾ പ്രതിഫലവും നൽകും. പിഴവുകളുടെ ഗൗരവം കണക്കിലെടുത്ത് നൽകുന്ന തുകയിലും മാറ്റമുണ്ടാകും. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിർണ്ണയിക്കുന്നത്.

Google awards record $12 mn to 700 bug researchers in 2022, Indian leads 

Post a Comment

Previous Post Next Post