കാലാവസ്ഥ മാറുന്നു, കേരളത്തിൽ വീണ്ടും മഴ എത്തുന്നു! 4 നാൾ കനത്തേക്കും, ഇന്ന് 3 ജില്ലകളിൽ ജാഗ്രത നിർദ്ദേശം



തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥ വീണ്ടും മാറുന്നു. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴ വീണ്ടും കനത്തേക്കുമെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രം നൽകുന്നത്. ഇന്ന് മുതൽ ഒക്ടോബർ അഞ്ചാം തിയതി വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യതയെന്നാണ് വ്യക്തമാകുന്നത്. ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്. മലയോര മേഖലയിൽ കൂടുതൽ മഴ സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read also


അറിയിപ്പ് ഇപ്രകാരം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം മൂന്ന് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.


മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

02-10-2022 മുതൽ 05-10-2022 വരെ: തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്നാട് തീരം, ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Post a Comment

Previous Post Next Post