ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ പങ്കുവയ്ക്കുന്ന മിക്കവരും ഉയര്‍ത്തിക്കാട്ടുന്നൊരു പ്രശ്നമാണ് മുടിയുടെ ആരോഗ്യത്തിന് സംഭവിക്കുന്ന ബലക്ഷയം. പ്രായത്തിന് പുറമെ മോശം ഭക്ഷണം, ഉറക്കമില്ലായ്മ, സ്ട്രെസ്, കാലാവസ്ഥ, മലിനീകരണം എന്നിങ്ങനെ പല ഘടകങ്ങളും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കാം.
നിത്യജീവിതത്തില്‍ ഭക്ഷണമടക്കം ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കാനായാല്‍ ഒരു പരിധി വരെ മുടിയുടെ ആരോഗ്യം സംരക്ഷിച്ചുനിര്‍ത്താൻ സാധിക്കും. ഇത്തരത്തില്‍ മുടിക്ക് കറുപ്പ് നിറം കൂടുതലായി നല്‍കാനും മുടി അഴകുള്ളതാക്കാനും സഹായിക്കുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. നമ്മള്‍ സാധാരണയായി അടുക്കളയിലുപയോഗിക്കുന്ന ചേരുവകള്‍ തന്നെയാണ് ഇതിനും ആവശ്യമായി വരുന്നത്. ഇവയെ കുറിച്ചറിയാം.
തേയില...
തേയില (ചായപ്പൊടി) ചായക്കായി ഉപയോഗിച്ച ശേഷം (മധുരമിടാതെ) ഇതിന്‍റെ ചണ്ടി മുടിയില്‍ തേക്കാവുന്നതാണ്. അല്‍പസമയം ഇത് അങ്ങനെ തന്നെ വച്ച ശേഷം മുടി വെറുതെ കഴുകിയെടുക്കാം.
കാപ്പി...
തേയില പോലെ തന്നെ കാപ്പിയും സൗന്ദര്യപരിപാലനത്തിനായി ഉപയോഗിക്കാവുന്നൊരു ചേരുവയാണ്. മുടിക്ക് വേണ്ടിയാണെങ്കില്‍ കാപ്പിയിട്ട ശേഷം വരുന്ന ചണ്ടി (മധുരമിടാത്തത്) മുടിയില്‍ നേരിട്ട് തേക്കുക. ശേഷം അല്‍പസമയത്തിനകം കഴുകിക്കളയാം.
റോസ്മേരി...
പല വിഭവങ്ങളും തയ്യാറാക്കുമ്പോള്‍ നാം ഉപയോഗിക്കാറുള്ളൊരു ചേരുവയാണ് റോസ്‍മേരി. ഇതും മുടിക്ക് കറുപ്പും മിനുപ്പും നല്‍കാനായി ഉപയോഗിക്കാം. റോസ്ഡമേരിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ മുടി കഴുകുകയാണ് ഇതിനായി വേണ്ടത്. ഇത് പലവട്ടം ചെയ്യുമ്പോള്‍ ക്രമേണ മുടിയില്‍ മാറ്റം കാണാം.
മൈലാഞ്ചി...
മൈലാഞ്ചി അടുക്കളയിലുപയോഗിക്കുന്ന ചേരുവയല്ലെങ്കിലും അല്‍പം മണ്ണെങ്കിലും ഉള്ള വീടുകളിലെല്ലാം മൈലാഞ്ചി കാണാറുണ്ട്. മൈലാഞ്ചി തേക്കുന്നതും മുടി കറുക്കാനും മിനുപ്പ് ഉണ്ടാകാനും സഹായിക്കും. ഹെന്ന പൊടിയാക്കിയത് തേക്കുന്നതാണ് ഇതിന് നല്ലത്.
നെല്ലിക്ക...
നെല്ലിക്ക മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാൻ ഏറെ സഹായിക്കുന്നൊരു ചേരുവയാണ്. ഇത് പൊടിയാക്കി സൂക്ഷിച്ചത് തലയില്‍ തേക്കുന്നതാണ് ഏറ്റവും സൗകര്യം.
വെളിച്ചെണ്ണ...
മിക്കവരും തലയില്‍ തേക്കുന്ന എണ്ണ വെളിച്ചെണ്ണയാണ്. വെളിച്ചെണ്ണയും മുടി കറുപ്പും അഴകുമുള്ളതാക്കാൻ സഹായകമാണ്. കഴിയുന്നതും നമ്മള്‍ വീടുകളില്‍ തേങ്ങയുണക്കി തയ്യാറാക്കുന്ന എണ്ണ തന്നെ മുടിയില്‍ ഉപയോഗിക്കാൻ ശ്രമിക്കാവുന്നതാണ്. ഇതിനൊപ്പം മൈലാഞ്ചി, ചെമ്പരത്തി, കറിവേപ്പില പോലുള്ള ചേരുവകള്‍ ചേര്‍ത്ത് കാച്ചുന്നതും ഏറെ നല്ലതാണ്.
tips to make your hair more black and shiny